അമ്മയും മകനും

മകന്‍ അമ്മയോട് പറഞ്ഞു
" അമ്മേ ഞാന്‍ ചോദിക്കാതെ തന്നെ എനിക്കു നീ ജീവന്‍ തന്നു. എനിയ്ക്ക് കിടക്കാന്‍ ആദ്യം നീ നിന്റെ ഗര്‍ഭപാത്രത്തില്‍ ഒരിടം തന്നു. പട്ടിണിക്കിടയിലും എനിക്കു വേണ്ടി നല്ല ഭക്ഷണങ്ങള്‍ കഴിച്ചു. നൂറുകണക്കിന് എല്ലുകള്‍ ഒരുമിച്ചു നുറുങ്ങുന്ന വേദനയ്ക്ക് തുല്യമാണ് പ്രസവ വേദന എന്ന് എവിടെയോ ഞാന്‍ വായിച്ചിട്ടുണ്ട്. പത്തു മാസം നീ ചുമന്നു നടന്ന എനിക്കു വേണ്ടി ആ ഘോരമായ വേദനയും നീ സഹിച്ചു. ഞാന്‍ വിശന്നു കരഞ്ഞപ്പോള്‍ നിന്റെ ദിവ്യമായ മുലപ്പാല്‍ എനിക്കു നല്‍കി. എന്റെ കൊച്ചു കുസൃതികള്‍ പലപ്പോഴും ശാരീരികമായി നിന്നെ വേദനിപ്പിക്കുന്നതായാലും വാത്സല്യത്തോടെ നീ അതെല്ലാം ആസ്വദിച്ചു. എനിക്കു ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു തന്ന് എന്റെ ഗുരുവായി. എന്റെ ദു:ഖങ്ങളില്‍ എനിക്കൊരു താങ്ങായി നീ എന്നും കൂടെയുണ്ടായിരുന്നു. എന്റെ ജീവിതത്തില്‍ എനിക്കു പറ്റിയ പങ്കാളിയെ നീ കണ്ടെത്തി തന്നു. എന്റെ ഈ കാണുന്ന ഐശ്വര്യങ്ങള്‍ക്കെല്ലാം നീയാണ് കാരണഹേതു. നിനക്ക് ഞാന്‍ എന്താണ് തരേണ്ടത്‌"?
അമ്മ മകനോട്‌ പറഞ്ഞു
" മകനേ ഇതെല്ലം ഏതൊരു അമ്മയും മക്കള്‍ക്ക്‌ വേണ്ടി സന്തോഷപൂര്‍വ്വം ചെയ്യുന്നതാണ്. നീ വെറുതെ പൊലിപ്പിച്ചു കാണുകയാണ്. ഈ വയസ്സുകാലത്ത് ഇനി എനിക്കു വെറും ആറടി മണ്ണ് മതി. നീ സന്തോഷമായി ജീവിക്കുക. അത് മാത്രം മതി ഈ അമ്മയ്ക്ക്".

മകന്റെ സന്തോഷത്തിനു വേണ്ടി അമ്മയ്ക്ക് തന്റെ വീട് വിട്ടു വൃദ്ധ സദനത്തിലേക്കു മാറേണ്ടി വന്നു. അമ്മയ്ക്കുള്ള ആറടി മണ്ണ് മകന്‍ അവിടെ വില പറഞ്ഞേല്‍പ്പിച്ചിരുന്നു.....

Comments

Post a Comment

Popular posts from this blog

കുട്ടി

അനന്തതയിലെക്കൊരു പ്രയാണം...............